KERALA NEWS TODAY-തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ ആരോപണവുമായി തൃശൂർ സ്വദേശിനി സിന്ധു.
വായ്പ ടേക്ക്‌ഓവർ ചെയ്തു സതീഷ്കുമാർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണു സിന്ധുവിന്റെ പരാതി.
വായ്പ എടുത്ത 11 ലക്ഷം ബലമായി പിടിച്ചെടുത്തെന്നും രേഖകൾ തട്ടിയെടുത്തെന്നും സിന്ധു ആരോപിക്കുന്നു.
രണ്ടു ബാങ്കുകളിലെ പലിശ നിരക്കുകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ പലിശ കുറഞ്ഞ ബാങ്കിലേയ്ക്ക് വായ്പ മാറ്റുന്നതിനു സൗകര്യമുണ്ട്.
ഇത്തരത്തിൽ വായ്പ ഒരു ബാങ്കിൽനിന്നു മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റുന്നതിനാണ് ടേക്ക്‌ഓവർ എന്നു പറയുന്നത്.
കേരള ബങ്കിന്റെ മുണ്ടൂർ ശാഖയിൽ സിന്ധുവിനു 18 ലക്ഷത്തിന്റെ വായ്പയുണ്ടായിരുന്നു. തിരച്ചടവ് മുടങ്ങിയപ്പോൾ വായ്പ ടേക്ക്‌ഓവർ ചെയ്യാൻ സതീഷ്കുമാർ സമീപിച്ചു. കേരള ബാങ്കിന്റെ പെരിങ്ങണ്ടൂർ ശാഖയിലക്കു വായ്പ ടേക്ക്‌ഓവർ ചെയ്യാനും 35 ലക്ഷം രൂപ വായ്പ എടുക്കാനും സതീഷ്കുമാർ നിർബന്ധിച്ചു. അങ്ങനെയെടുത്തതിൽ 11 ലക്ഷം രൂപ സതീഷ്കുമാർ പിടിച്ചുവാങ്ങുകയായിരുന്നെന്നു സിന്ധു ആരോപിച്ചു.
ക്ലോസ് ചെയ്ത് ടേക്ക് ഓവര്‍ ചെയ്തു കഴിഞ്ഞശേഷം ബാങ്കിലെത്തിയപ്പോഴാണു തട്ടിപ്പ് മനസിലായതെന്നും സിന്ധു വിശദീകരിക്കുന്നു. നിലവിൽ 75 ലക്ഷം രൂപയാണു സിന്ധുവിന്റെ ബാധ്യത. വരുന്ന ബുധനാഴ്ച ജപ്തി നടപടിയുണ്ടാവുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായും സിന്ധു പറഞ്ഞു.