ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 8 നില കെട്ടിടത്തിനു നേർക്ക് ഇസ്രയേൽ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സെൻട്രൽ ബെയ്റൂട്ടിൽ ഇന്നലെ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിനു ശേഷം കെട്ടിടമിരുന്നിടത്ത് വലിയ ഗർത്തമാണു ശേഷിച്ചത്. ഭൂഗർഭ ബങ്കറുകൾ വരെ ഭേദിക്കുന്ന 4 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഹസൻ നസ്റല്ല അടക്കമുള്ള ഹിസ്ബുല്ല നേതാക്കളെ ഇത്തരം മിസൈൽ ആക്രമണത്തിലാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. പുരാവസ്തു വിൽപനയിൽ പ്രശസ്തമായ തെരുവുകളുള്ള സെൻട്രൽ ബെയ്റൂട്ടിൽ ഈയാഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. ഹിസ്ബുല്ല ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലായിരുന്നു നേരത്തേ തുടർച്ചയായ ആക്രമണം നടത്തിയിരുന്നത്.