Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മമതാ ബാനർജിയുടെ വീട് തകർക്കാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം ; അഞ്ചുപേർ അറസ്റ്റിൽ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതി തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു മുഖ്യമന്ത്രിയുടെ വസതി തകർക്കാൻ ആഹ്വാനം നടത്തിയത്. വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പടെയുള്ളവരെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഞങ്ങൾക്ക് നീതി വേണം’ എന്ന തലക്കെട്ടിലുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നതെന്നാണ് ആരോപിക്കുന്നത്. ദക്ഷിണ കൊൽക്കത്തയുടെ സമീപ പ്രദേശമായ കാളിഘട്ടിൽ ഒത്തുകൂടാൻ അംഗങ്ങളെ പ്രേരിപ്പിക്കുന്ന ഒരു വോയ്‌സ് ക്ലിപ്പ് ഈ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന ‘നബന്ന അഭിജൻ’ റാലിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച വിദ്യാർത്ഥി സംഘടനയായ പശ്ചിമ ബംഗാൾ ഛത്ര സമാജിൻ്റെ നേതാവായ പ്രബീറിനെയും കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഛത്രസമാജം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധത്തിൽ ഇരുന്നൂറിലധികം പേർ അറസ്റ്റിലായിരുന്നു. ഏറ്റുമുട്ടലിൽ 15 പ്രതിഷേധക്കാർക്കും സംസ്ഥാന പൊലീസ് സേനയിലെ 14 പേർക്കും പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.