NATIONAL NEWS-ഗുജറാത്ത് : ഗുജറാത്തിൽ പൊലീസിനെ ഞെട്ടിച്ച് വ്യാജ രേഖാ നിർമാണം.
ആധാർ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾ വ്യാജമായി നിർമിച്ച് കുറഞ്ഞ വിലക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളെ ഗുജറാത്ത് പൊലീസ് പിടികൂടി.
രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്.
രണ്ട് ലക്ഷത്തോളം വ്യാജ രേഖകൾ നിർമിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. കുറ്റവാളികളുടെ പ്രവൃത്തി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള രണ്ട് പേരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇവർ രണ്ട് ലക്ഷം വ്യാജ രേഖകൾ നിർമിച്ച് 15 രൂപ മുതൽ 200 രൂപക്ക് വരെ വിൽപന നടത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറിയാണ് ഇവർ വ്യാജരേഖകൾ നിർമിച്ചത്. പിടിയിലായവരിൽ ഒരാൾ രാജസ്ഥാൻ ഗംഗാനഗർ സ്വദേശിയായായ സോംനാഥ് പ്രമോദ്കുമാറാണെന്നും മറ്റെയാൾ ഉത്തർപ്രദേശ് ഉന്നാവോ സ്വദേശിയായായ പരംവീൻ സിൻഹ് താക്കൂറാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർ വ്യാജരേഖ റാക്കറ്റിന്റെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു. പരംവീൻ സിൻഹ് താക്കൂറിന്റെ പേരിലാണ് വ്യാജരേഖകൾ നിർമിക്കുന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷമായി വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ട്. രണ്ട് വർഷമായി ഇവർ വ്യാജരേഖകൾ നിർമിക്കുകയാണ്.