KERALA NEWS TODAY – കൊല്ലം: മഴ ശക്തമായ സാഹചര്യത്തിൽ തെന്മല ഡാമിന്‍റെ ഷട്ടർ ചൊവ്വാഴ്ച തുറക്കും.
ഉച്ചക്ക് 12 മണിക്ക് മൂന്ന് ഷട്ടർ 30 സെന്‍റീമീറ്റർ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
110.69 മീറ്ററാണ് തെന്മല ഡാമിലെ ഇന്ന് രേഖപ്പെടുത്തിയ ജലനിരപ്പ്. 115.82 മീറ്റർ ആണ് ഡാമിലെ പരമാവധി ജലനിരപ്പ്. 392.42 ദശലക്ഷം ക്യുബിക് മീറ്ററാണ് നിലവിൽ സംഭരിച്ചിട്ടുള്ളത്. മൊത്തം സംഭരണ ശേഷിയുടെ 78 ശതമാനം വരുമിത്.
സംസ്ഥാനത്തെ ഏറ്റവും വലിയ കാർഷിക ജലസേചന പദ്ധതിയാണ് കൊല്ലം ജില്ലയിലെ തെന്മല ഡാം.
ജലനിരപ്പ് 113.74 മീറ്ററിലെത്തിയാൽ ബ്ല്യൂവും 114.81 മീറ്ററിലെത്തിയാൽ ഓറഞ്ചും 115.45 മീറ്ററിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. 504.92 ദശലക്ഷം ക്യുബിക് മീറ്ററാണ് പരമാവധി സംഭരണശേഷി.