Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

അടുക്കള ഭാഗം ഇടിഞ്ഞു, പിന്നാലെ വീട് പൂര്‍ണമായും തകര്‍ന്നു വീണു; കുട്ടികളടക്കം രക്ഷപെട്ടത് അത്ഭുതകരമായി

KERALA NEWS TODAY-ഇടുക്കി : ശക്തമായ മഴയെ തുടർന്ന് കാഞ്ചിയാർ കോഴിമലയിൽ വീട് പൂർണമായി തകർന്നു വീണു.
കോഴിമല അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്‍റെ വീടാണ് ഞായറാഴ്ച എട്ടരയോടെ ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ഇടിഞ്ഞുവീണത്.
സംഭവസമയം കുട്ടികൾ അടക്കം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഓടി മാറിയതിനാൾ ദുരന്തം ഒഴിവായി.
ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ഒരാഴ്ചയായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടമാണ് ഓരോ മേഖലയിലും ഉണ്ടാകുന്നത്. സുമേഷ് ഫിലിപ്പിന്‍റെ വീടിന്‍റെ ആദ്യം അടുക്കള ഭാഗം തകർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഓടി പുറത്തേക്ക് ഇറങ്ങി. തുടർന്ന്, ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു. സംഭവസമയം സുമേഷും ഭാര്യ ആതിരയും ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മഴയിൽ വീടിന്‍റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു.വീട് തകർന്നതോടെ ബാക്കിയായ സാധനസാമഗ്രികളുമായി സമീപത്തെ ഷെഡിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി മാറിയിരിക്കുകയാണ് ഈ കുടുംബം. അടിയന്തരമായി ഇവർക്ക് പുനരധിവസിക്കാൻ വീടടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. മേഖലയിൽ ചില സമയങ്ങളിൽ മഴ മാറി നിൽക്കുന്നത് ഒഴിച്ചാൽ മഴയുടെ അളവിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ശക്തമായ മഴയാണ് ഇപ്പോഴും തുടരുന്നത്.

Leave A Reply

Your email address will not be published.