കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (FORDA) പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കണ്ടു. കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ ആർജെ കർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പെൺകുട്ടിയുടെ മാതാപിതാക്കൾക്കും പ്രതിഷേധക്കാർക്കും ഉറപ്പ് നൽകി.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പിജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളേജാണിത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.