കൊൽക്കത്ത : സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡനത്തെ കുറിച്ചുള്ള ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഒപ്പുവെച്ച് സുരേഷ് ഗോപി എംപി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ് സുരേഷ് ഗോപി. വിഷയത്തിൽ സുരേഷ് ഗോപി കാട്ടിയ അവഗണന വാർത്തയാ തൊട്ടുപിന്നാലെയാണ് നടപടി. സുരേഷ് ഗോപി അംഗീകാരം നൽകാത്തത് തുടരന്വേഷണത്തെ ബാധിച്ചിരുന്നു. അതിജീവിത റിപ്പോർട്ടറിനോട് നന്ദി അറിയിച്ചു. സംഭവത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ കമ്മിറ്റി ചെയർമാന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ആ റിപ്പോർട്ടിന്മേൽ തുടർ നടപടിക്കായി ചെയർമാൻ തീരുമാനം എടുത്തില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസർ ആരോപിച്ചത്.ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമർശങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികളാണ് യുവതി ഇന്റേണൽ കമ്മിറ്റിക്ക് നൽകിയിരുന്നത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്ത സുരേഷ് ഗോപിയുടെ നടപടിക്കെതിരെതിരെയാണ് വിമർശനം ശക്തമായത്. നീതി തേടി പരാതിക്കാരി വാർത്താ വിതരണ മന്ത്രാലയത്തിന് നൽകിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുയർന്നിരുന്നു.