Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മരണാനന്തര ബഹുമതിയായി എം.ടിക്ക് പത്മവിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

ദില്ലി :പത്മപുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഹോക്കി താരം ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപുറം, നടി ശോഭന തുടങ്ങിയവർ‌ക്ക് പത്മഭൂഷണ്‍ ലഭിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷൺ.

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. സുസുക്കി സ്ഥാപകൻ ഒസാമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകും. തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ, തമിഴ് നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിന്‍, ഗായകൻ അർജിത് സിങ്,വാദ്യ സംഗീതജ്ഞന്‍ വേലു ആശാന്‍, പാരാ അത്‌ലീറ്റ് ഹര്‍വീന്ദർ സിങ്, നാടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യസമര സേനാനി ലിബിയ ലോബോ സര്‍ദേശായി എന്നിവര്‍ക്കും പത്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്. പത്മ പുരസ്കാര ജേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസം നേര്‍ന്നു. അസാധാരണ നേട്ടങ്ങൾ സ്വന്തമാക്കിയവരെ രാജ്യം അഭിമാനത്തോടെ ആദരിക്കുന്നുവെന്നും മോദി പറഞ്ഞു.

Leave A Reply

Your email address will not be published.