നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇഡി ഉടന്‍ നോട്ടീസ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. പാർട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ മൂന്ന് ദിവസവും രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ ആയിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ 751 കോടിയുടെ സ്വത്തുക്കള്‍ ഇതിനകം ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്റെ ഡല്‍ഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. യംഗ് ഇന്ത്യന്റെ ഇക്വിറ്റി ഷെയറുകളുടെ രൂപത്തിലുള്ള കള്ളപ്പണ നിക്ഷേപമാണ് കണ്ടുകെട്ടിയത്.