പട്ന : ബിഹാറിലെ സിവാൻ ജില്ലയിൽ കുരങ്ങുകൾ വീടിൻ്റെ ടെറസിൽ നിന്ന് തള്ളിയിട്ടതിനെത്തുടർന്ന് പത്താം ക്ലാസുകാരി മരിച്ചു. ഭഗവാൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 വയസുകാരി പ്രിയ കുമാർ ആണ് മരിച്ചത്. ടെറസിലിരുന്ന് പഠിക്കുകയായിരുന്നു കുട്ടി. ദൃക്‌സാക്ഷികൾ പറയുന്നതിങ്ങനെ, ‘ഒരു കൂട്ടം കുരങ്ങുകൾ ടെറസിലെത്തി പ്രിയയെ ഉപദ്രവിക്കാൻ തുടങ്ങി. ഇത് കണ്ട ഞങ്ങൾ ഒച്ചവെച്ച് കുരങ്ങന്മാരെ ഓടിക്കാൻ ശ്രമിച്ചു. ഈ തക്കത്തിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ കുരങ്ങന്മാർ ടെറസിൽ നിന്ന് തള്ളിയിട്ടു. വീഴ്ച്ചയിൽ തലയുടെ പിൻഭാഗത്തും ശരീരത്തിലും പരിക്കേൽക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു’. പ്രിയയുടെ വീട്ടുകാർ ചികിത്സയ്ക്കായി ശിവാൻ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നിലധികം പരിക്കുകളാണ് പെൺകുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നത്. കുറച്ചുകാലമായി കുരങ്ങുകൾ പ്രദേശത്ത് ശല്യമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിയ കുമാരി മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.