വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പിആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് മലയാളി താരം വ്യക്തമാക്കിയത്. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്തതിൽ താരം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്.
കായിക രംഗത്തെ മികച്ച പ്രകടനങ്ങൾക്ക് ശ്രീജേഷിന് ഖേൽ രത്ന, അർജുന, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനു മുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണിത്. 2012, 2016, 2020 എന്നീ വർഷങ്ങളിലെ ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പർ ശ്രീജേഷ് തന്നെയായിരുന്നു. ഇപ്പോൾ പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഹോക്കി ടീം ഇറങ്ങുമ്പോഴും മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ഗോൾ കീപ്പർ.