Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഗുജറാത്തിൽ കനത്തമഴ ; മരണസംഖ്യ 28 ആയി

ഗുജറാത്തിൽ കനത്തമഴയെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് 28 പേരാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മോർബി ജില്ലയിലെ ധവാന ഗ്രാമത്തിന് സമീപം കവിഞ്ഞൊഴുകുന്ന കോസ്‌വേ മുറിച്ചുകടക്കുന്നതിനിടെ അവർ സഞ്ചരിച്ച ട്രാക്ടർ ട്രോളി ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായ ഏഴുപേരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിലുടനീളമുള്ള 11 ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും 22 ജില്ലകളിൽ യെല്ലോ അലർട്ടും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിൽ ശക്തമായ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണ് ശക്തമായ മഴ തുടരുന്നത്.

കച്ച്, ദ്വാരക, ജാംനഗർ, മോർബി, സുരേന്ദ്രനഗർ, ജുനാഗഡ്, രാജ്‌കോട്ട്, ബോട്ടാഡ്, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‌നഗർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന കച്ച്, സൗരാഷ്ട്ര മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വടക്കൻ, മധ്യ, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും സംസ്ഥാനത്തിന് കേന്ദ്രത്തിൻ്റെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. വഡോദരയിൽ മഴ ശമിച്ചെങ്കിലും വിശ്വാമിത്രി നദി കരകവിഞ്ഞ് ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിച്ചതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.

Leave A Reply

Your email address will not be published.