ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങള്‍ നാളെ ജനവിധി തേടും. മൂന്നാം മൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവര്‍ഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. രാവിലെ 7 മണി മുതല്‍ പോളിംഗ് ആരംഭിക്കും. 20,629 ബൂത്തുകള്‍ സജ്ജമായി കഴിഞ്ഞു. നിശബ്ദപ്രചരണ ദിവസമായ ഇന്ന് പരമാവധി വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്. ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍, ഗുസ്തി പ്രതിഷേധം, ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പ്രചരണം. 10 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടു പോയ ഭരണം തിരിച്ചുപിടിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.