Malayalam Latest News

വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീപടർന്ന് 100 മരണം, വരനും വധുവും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ACCIDENT NEWS-ബാഗ്ദാദ് : ഇറാഖിൽ വിവാഹ ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ നൂറിലധികം പേർ മരിച്ചു.
വടക്കൻ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഓഡിറ്റോറിയത്തിലാണ് അപകടമുണ്ടായത്.
തീപിടിത്തത്തിൽ 100 പേർ മരിക്കുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ജീവൻ നഷ്ടമായവരുടെ കൂട്ടത്തിൽ വരനും വധുവും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്.
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല.മൊസൂളിന് കിഴക്കുള്ള നഗരമായ ഹംദാനിയയിലാണ് ഞെട്ടിക്കുന്ന അപകടം. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയർന്നേക്കും. ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് പൊട്ടിച്ച പടക്കങ്ങൾ തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ഡപത്തിൽ തീ പടരുന്നതും മണ്ഡപത്തിൻ്റെ ഭാഗങ്ങൾ തകർന്ന് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിച്ച സീലിങ്ങിന്റെ ഭാഗങ്ങൾ ആളുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തീ പടർന്നതോടെ അതിഥികൾ ഇറങ്ങിയോടുന്നതും നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.പരിക്കേറ്റവരിൽ ചിലരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി നിനെവേ പ്രവിശ്യാ ഗവർണർ നജിം അൽ ജുബൂരി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ അന്തിമ കണക്കുകളൊന്നും ലഭിച്ചിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഗവർണർ അറിയിച്ചു.
തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി ഉത്തരവിട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാവിധ സഹായങ്ങളും നൽകും. ഇതിനായി ആഭ്യന്തര – ആരോഗ്യ ഏജൻസികൾക്ക് നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Reply

Your email address will not be published.