മുംബൈ : മഹാരാഷ്ട്ര ജൽഗാവ് ജില്ലയിൽ ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് 4.19-ന് പരണ്ട റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പുഷ്പക് എക്‌സ്പ്രസിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടിത്തമുണ്ടാകുമെന്ന ഭയത്താൽ ട്രാക്കിലേക്ക് ചാടിയപ്പോഴായിരുന്നു അപകടമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. പാളത്തിലേക്ക് ചാടിയ യാത്രക്കാരെ എതിർദിശയിൽ വന്ന ബെംഗളൂരു എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മതിയായ വൈദ്യസഹായം നൽകാൻ ഉത്തരവിടുകയും ചെയ്തു.