Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പ്രദർശനാനുമതി കിട്ടിയില്ല ; എമർജൻസിയുടെ റിലീസ് തീയതി മാറ്റി

നടിയും എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യ വേഷത്തിലെത്തുന്ന എമർജൻസിയുടെ റിലീസ് തീയതി മാറ്റി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് തീയതിയുടെ മാറ്റത്തിന് പിന്നിൽ. സെപ്റ്റംബർ ആറിനായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ ചിത്രത്തിൽ എത്തുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതൊഴികെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിന് തയ്യാറാവുമ്പോഴായിരുന്നു സിഖ് മത സംഘടനകൾ ചിത്രത്തിനെതിരെ രം​ഗത്തെത്തുന്നത്. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചതോടെ ചിത്രത്തിന് പ്രദർശനാനുമതി കിട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായി. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്തിന് പിന്നാലെ താരത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു.

ചിത്രത്തിന്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അവിടെ നിന്നും തിരിച്ചടിയാണ് ‘എമർജൻസി’ക്ക് ലഭിച്ചത്. തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. റിലീസ് മാറ്റിവെയ്ക്കുന്ന കാര്യം ഏറെ ഹൃദയഭാരത്തോടെയാണ് അറിയിക്കുന്നതെന്ന് കങ്കണ പറഞ്ഞു. സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാനായി ഇപ്പോഴും കാത്തിരിക്കുകയാണ്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ വ്യക്തമാക്കി. തന്റെ സിനിമയ്ക്കുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഭീകരമായ അവസ്ഥയാണിതെന്നും കങ്കണ പറയുന്നു.

Leave A Reply

Your email address will not be published.