ഹരിയാന തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ഇന്ന് കോൺഗ്രസ് യോഗം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ 11 മണിക്കാണ് യോഗം ആരംഭിക്കുക.ഭൂപീന്ദർ സിങ് ഹൂഡ , പിസിസി അധ്യക്ഷൻ, നിരീക്ഷകർ എന്നിവർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ യോഗം ചേരുന്നത്. കോൺഗ്രസ് 36 സീറ്റുകളാണ് ഹരിയാനയിൽ നേടിയത്. ഹരിയാനയിൽ കോൺഗ്രസ് വിജയം എക്സിറ്റ് പോൾ ഫലങ്ങൾ ഉറപ്പിച്ചിരുന്നെങ്കിലും ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം. 90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി ഇവിടെ വിജയിച്ചത്. ഹരിയാന തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് സഖ്യകക്ഷികൾ രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ അഹങ്കാരത്തിന് ഏറ്റ അടിയാണ് തിരഞ്ഞെടുപ്പ് വിധിയെന്നായിരുന്നു തൃണമൂൽ കോൺഗ്രസിൻറെ വിമർശനം.
എഎപി പോലുള്ള സഖ്യകക്ഷികളെ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്നായിരുന്നു ശിവസേന വിമർശിച്ചിരുന്നത്. മുഖപത്രമായ സാമ്നയിലൂടെയായിരുന്നു വിമർശനം. അതേസമയം, വോട്ടെണ്ണൽ ഫലങ്ങൾ മന്ദഗതിയിലാക്കുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് പരാതിഉന്നയിച്ചിരുന്നു. ജയ്റാം രമേശും പവൻ ഖേരയും ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വോട്ടിങ് മെഷീൻ്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയങ്ങളുന്നയിച്ച കോൺഗ്രസ് നേതാക്കൾ, ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും പറഞ്ഞിരുന്നു.