Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബെം​ഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവസ്ഥലത്ത് സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തെ അനധികൃത നിർമാണങ്ങൾ തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തകർന്ന കെട്ടിടം അനധികൃതമായി നിർമിക്കപ്പെട്ടതാണെന്നും മഴ കാരണമല്ല തകർന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബിജെപിയേയും അദ്ദേഹം വിമർശിച്ചു.

നേരത്തെ പ്രധാനമന്ത്രി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു, പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും അറിയിച്ചിരുന്നു.എട്ട് പേരാണ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Leave A Reply

Your email address will not be published.