എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ നാലാം പ്രതിയെയും അറസ്റ്റ് ചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നിന്നുമാണ് ഹരിശ് കുമാര്‍ ബാലാക്രം (23) അറസ്റ്റിലായത്. കൊലപാതകത്തിന് വേണ്ടി പണവും മറ്റ് ക്രമീകരണങ്ങളും നല്‍കി സഹായിച്ചുവെന്ന കുറ്റത്തിനാണ് ഹരിശ്കുമാര്‍ അറസ്റ്റിലായിരിക്കുന്നത്. പൂനെയില്‍ ആക്രിക്കടയില്‍ ജോലി ചെയ്യുന്ന ഹരിശ്കുമാര്‍ ഗൂഡാലോചനയിലും ഭാഗമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസിലെ രണ്ട് പ്രതികളായ ധര്‍മരാജും ശിവപ്രസാദ് ഗൗതമും ഹരിശ് കുമാറിന്റെ കടയില്‍ ജോലി ചെയ്തിരുന്നു. കൊലപാതകത്തിന് മുമ്പ് ശിവപ്രസാദിനും ധര്‍മരാജിനും പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത് ഹരിശ് കുമാറാണ്. കൊലപാതകത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇയാള്‍ക്കറിയാമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ധര്‍മരാജിനെയും മറ്റ് പ്രതികളായ ഗുര്‍മെയില്‍ ബല്‍ദിജ് സിങ്ങിനെയും പ്രവീണ്‍ ലോങ്കറിനെയും നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശിവപ്രസാദ് ഇപ്പോഴും ഒളിവിലാണ്.