Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബോക്സ് ഓഫീസില്‍ അടിപതറി ആലിയാ ഭട്ടിന്റെ ജിഗ്ര

തുടരെയുള്ള ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി രൂപയാണ്. സമീപകാല ആലിയ ഭട്ട് സിനിമകളിലെ ഏറ്റവും കുറഞ്ഞ നേട്ടമാണിത്. ജിഗ്രയിലെ ആലിയാ ഭട്ടിന്റെ അഭിനയത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ജിഗ്രയെക്കുറിച്ച് അമിതമായ പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കിയെന്ന പേരില്‍ സംവിധായകന്‍ വസന്‍ ബാലക്കും സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. ജിഗ്രയുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നടി ദിവ്യ ഖോസ്ല രംഗത്തെത്തിയിരുന്നു. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ദിവ്യ ഖോസ്ലെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നടിച്ചത്.

ഈ സംഭവത്തിന് ശേഷം ജിഗ്രയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടെന്ന ആരോപണവുമായി മണിപ്പൂരി നടന്‍ ബിജൗ താങ്ജാം രംഗത്തെത്തിയിരുന്നു. ബോക്സ് ഓഫീസ് പരാജയത്തിനൊപ്പം കടുത്ത വിമര്‍ശനങ്ങളാണ് ജിഗ്ര നേരിടുന്നത്. ഇതിനൊക്കെ പിന്നാലെ സംവിധായകന്‍ വസന്‍ ബാല തന്റെ എക്സ് അക്കൗണ്ട് ഉപേക്ഷിച്ചതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. സാധാരണയായി ആലിയ ഭട്ടിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ആലിയ ഭട്ടിന്റെ ‘ഹൈവേ’ മാത്രമാണ് ആദ്യ ദിനത്തില്‍ 5 കോടിയില്‍ താഴെ വരുമാനം നേടിയിട്ടുള്ളത്. ജിഗ്രക്കൊപ്പം റിലീസിനെത്തിയെ രാജ്കുമാര്‍ റാവു, ട്രിപ്റ്റി ദിമ്രി ചിത്രം ‘വിക്കി വിദ്യ കാ വോ വാലാ വിഡിയോ’ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Leave A Reply

Your email address will not be published.