NATIONAL NEWS-ചെന്നൈ : രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ-എൽ1 ബഹിരാകാശ പേടകം ലക്ഷ്യ സ്ഥാനമായ നിർദിഷ്ട ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിലേക്കുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു.
ഭ്രമണപഥം മാറ്റുന്ന ഇൻസെർഷൻ ദൗത്യം വിജയകരമായി പൂർത്തിയായതായി പുലർച്ചെ രണ്ടരയോടെ ഐഎസ്ആർഒ സ്ഥിരീകരിച്ചു.
ക്രൂസ് ഫേസ് എന്നറിയപ്പെടുന്ന 110 ദിവസം നീളുന്ന യാത്രയ്ക്കൊടുവിലാണ് എൽ1നു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിൽ എത്തുക.
അതേസമയം, ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ(പാർട്ടിക്കിൾ) സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു.
പേടകത്തിലെ സ്റ്റെപ്സ് എന്ന സെൻസറാണു ഭൂമിയിൽ നിന്ന് 50,000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളും ഇലക്ട്രോണുകളും പരിശോധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. പേടകം ലക്ഷ്യസ്ഥാനത്തെത്തിയാലും പഠനങ്ങൾ തുടരും.
സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കും.