ന്യൂയോർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്നാണ് മുഹമ്മദ് ഷാസെബ് ഖാൻ(20) എന്നയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് സിറ്റിയിൽ ഒക്ടോബർ ഏഴിന് ഭീകരാക്രമണം നടത്താനാണ് മുഹമ്മദ് ഷാസെബ് ആസൂത്രണം നടത്തിയതെന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഐഎസിൻ്റെ പേരിൽ കഴിയുന്നത്ര ജൂതന്മാരെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ ഈ ആക്രമണം നടത്താൻ തീരുമാനിച്ചതെന്ന് അറ്റോർണി ജനറൽ മെറിക് ബി ഗാർലൻഡ് പറഞ്ഞു. ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ അമേരിക്കയിലെ ജൂതന്മാരെ കൊല്ലാൻ പ്രതി തീരുമാനിച്ചതായിയും എഫ്ബിഐ കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാസെബിന്റെ പദ്ധതി തകർക്കാൻ തങ്ങളുടെ ടീമിന് കഴിഞ്ഞുവെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. ഐഎസിൻ്റെയോ മറ്റ് തീവ്രവാദ സംഘടനകളുടെയോ ഭാഗമായി അക്രമം നടത്താൻ ശ്രമിക്കുന്നവരെ കണ്ടെത്തുമെന്നും തീവ്രവാദത്തിനെതിരെ പോരാടുക എന്നതാണ് എഫ്ബിഐയുടെ ലക്ഷ്യമെന്നും ക്രിസ്റ്റഫർ റേ കൂട്ടിച്ചേർത്തു.