ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ വൃദ്ധ ദമ്പതികളെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി വിജയനെ കോടതി റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ടോടെയായിരുന്നു പ്രതിയെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയത്. സ്വത്ത് തർക്കത്തെ തുടർന്നാണ് പിതാവ് രാഘവനേയും അമ്മ ഭാരതിയെയും താൻ കൊലപ്പെടുത്തിയതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഒരു മാസം മുൻപ് കൊലപാതകം ആസൂത്രണം ചെയ്തതായും പ്രതി അന്വേഷണസംഘത്തോട് പറഞ്ഞു.അതേസമയം മരിച്ച വൃദ്ധ ദമ്പതികളുടെ മൃതദേഹം സംസ്കരിച്ചു. മാന്നാർ കോട്ടമുറിയിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിയോടെ ആയിരുന്നു സംസ്കാരം.
മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ അന്തിമോപചാരമാർപ്പിച്ചു. ഫെബ്രുവരി ഒന്നിന് പുലർച്ചെയാണ് വീടിന് തീപിടിച്ച് ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവർ മരിച്ചത്. പൊള്ളലേറ്റായിരുന്നു ഇരുവരുടെയും മരണം. തീപിടിത്തത്തിൽ തുടക്കം മുതല്‍ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. മകൻ ഒളിവില്‍ പോയതായിരുന്നു സംശയം ബലപ്പെടുത്തിയത്. തുടർന്ന് വീടിന് സമീപത്തെ വയലിൽ നിന്നും വിജയനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു.മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.രണ്ടിടങ്ങളിൽ നിന്ന് വാങ്ങിയ ആറ് ലിറ്റർ പെട്രോളുമായാണ് പ്രതി വീട്ടിലെത്തിയത്. ശേഷം മാതാപിതാക്കൾ ഉറങ്ങിയ മുറിയിൽ പെട്രോൾ തളിച്ചു. പിന്നീട് പേപ്പർ കത്തിച്ച് മുറിയിലേക്ക് ഇടുകയും വീടാകെ തീ പടരുകയുമായിരുന്നു.