പാലക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും മുസ്ലിം ലീഗ് വിരുദ്ധരെ വെട്ടി. സമ്മേളനങ്ങളിലെ സ്ഥിരം പ്രഭാഷകരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്ന സാഹചര്യമാണുള്ളത്. വാർഷിക സമ്മേളനത്തിൽ നിന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധരെ വെട്ടിയിരിക്കുന്നത്. പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനങ്ങളിലെ സ്ഥിരം പ്രഭാഷകരായ ഉമർ ഫൈസി മുക്കം, അബ്ദുസ്സലാം ബാഖവി, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ ഉൾപ്പെടെയുള്ളവരെയാണ് തഴഞ്ഞിരിക്കുന്നത്. ലീഗ് അനുകൂലികൾ സമസ്തയിൽ പിടിമുറക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷവും പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ നിന്നും ഒരു വിഭാഗം നേതാക്കളെ തഴഞ്ഞത് വലിയ വിവാദമായിരുന്നു. സമസ്ത നേരിട്ട് നടത്തുന്ന സ്ഥാപനമാണ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ കോളേജ്.