അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ യുപി സർക്കാർ. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങൾ നടക്കുക. അയോധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത്. ഇത്തവണ 28 ലക്ഷം ദിയകൾ (ചെറു മൺചെരാതുകൾ) സരയൂനദീ തീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സർക്കാരിനുണ്ട്. ക്ഷേത്രത്തിൽ കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാൻ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും ദീപോത്സവത്തിൽ വളരെയധികം പ്രാധാന്യം നൽകുമെന്നും സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നതെന്നും സർക്കാർ അറിയിച്ചു. രാം മന്ദിർ മുഴുവനും പ്രത്യേകം പൂക്കൾ കൊണ്ട് അലങ്കരിക്കും.ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാൻ പ്രത്യേകം ഉത്തരവാദിത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 1 രാത്രവരെ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും.സന്ദർശർക്ക് ക്ഷേത്രത്തില്റെ 4ബി ഗേറ്റിൽ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.