Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഇഷ ഫൗണ്ടേഷനെതിരായ ഹർജി തള്ളി സുപ്രീം കോടതി

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയം ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ആശ്രമത്തിലുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാമെന്നും ഹർജിക്കാരനോട് സുപ്രീംകോടതി വ്യക്തമാക്കി. യോഗാ സെന്ററിനുള്ള തന്റെ പെണ്മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണെന്നുള്ള പിതാവ് കാമരാജിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ സെന്ററിൽ തമിഴ്‌നാട് പൊലീസ് റെയ്‌ഡും നടത്തിയിരുന്നു. സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നത് എന്തിനാണെന്ന് ജഗ്ഗി വാസുദേവിനോട് കോടതി ചോദിച്ചിരുന്നു. മറ്റു യുവതികളെ തല മൊട്ടയടിക്കാനും ലൗകികജീവിതം ഉപേക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എസ്എം സുബ്രഹ്മണ്യം, വി ശിവജ്ഞാനം എന്നിവർ നേരത്തെ ചോദിച്ചു.

Leave A Reply

Your email address will not be published.