ബ്രിട്ടീഷ് ഗായകനും പ്രശസ്ത ബോയ്ബാൻഡ് വൺ ഡയറക്ഷനിലെ അംഗവുമായിരുന്ന ലിയാം പെയ്‌ന് ദാരുണാന്ത്യം. അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസസർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച നിലയിലാണ് ലിയാമിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. താമസിച്ചിരുന്ന ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാമുകി കെയ്റ്റ് കസീഡിയക്കൊപ്പം അവധിയാഘോഷിക്കാനായാണ് പെയ്‌ൻ അർജന്റീനയിൽ വന്നത്. ലിയാം അപകടത്തിന് തൊട്ട് മുൻപേ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്. ദി എക്സ് ഫാക്ടർ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന താരങ്ങളായ ലിയാം പെയ്നും ,ഹാരി സ്റ്റൈൽസ്,ലൂയിസ് ടോംലിൻസൺ, നിയാൽ ഹൊറാൻ, സെയ്ൻ മാലിക് എന്നിവർ ഒന്നിച്ച് 2010ൽ രൂപീകരിച്ച ബാൻഡായിരുന്നു വൺ ഡയറക്ഷൻ. പിന്നീട് ലോകമെമ്പാടും വൻ തരംഗം ആയി മാറിയ വൺ ഡയറക്ഷൻ 2016ലാണ് പിരിഞ്ഞത്. പിന്നീട് ബാൻഡിലെ അംഗങ്ങൾ ഇൻഡിപെൻഡൻറ് ആൽബങ്ങളുമായി സജീവമായിരുന്നു. പുതിയ സോളോ ആൽബത്തിന്റെ പണിപ്പുരയിലിരിക്കെയാണ് ലിയാം പെയ്‌ൻറെ അപ്രതീക്ഷിത മരണം.