ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് അർജുന്റെ കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അർജുന്റെ കുടുംബം അറിയിച്ചു. അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ എന്നിവരാണ് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കുടുംബം നടത്തിയ ശ്രമങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ജിതിൻ സംസാരിച്ചത്. രണ്ടു സർക്കാരിന്‍റെയും ശ്രമഫലം ആണ് അർജുനെ കിട്ടിയത്. പല ആളുകളും കുടുംബത്തിന്‍റെ വൈകരികത ചൂഷണം ചെയ്യുകയാണ്. വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണ്. അഞ്ജുവിന് എതിരെ സൈബർ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്. അർജുന് 750000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിന്‍റെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പല കോണിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നുമാണ് കുടുംബം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്.
മനാഫ് ആണ് ഇതിനു പിറകിലെന്നും ജിതിൻ ആരോപിച്ചു. ഫണ്ട് പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പലരും വീണു പോകുകയാണ്. അര്‍ജുൻ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.