കഴിഞ്ഞ രണ്ട് മാസമായി ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഭീഷണിയായിരുന്ന നരഭോജി ചെന്നായ്ക്കളെ പിടികൂടി. നാല് നരഭോജി ചെന്നായ്ക്കളാണ് വനം വകുപ്പിന്റെ പിടിയിലായത്. ചെന്നായ്ക്കളെ പിടികൂടാൻ വനംവകുപ്പ് ഓപ്പറേഷൻ ബേദിയാ എന്നപേരിൽ ദൗത്യം ആരംഭിച്ചിരുന്നു. ഇതിനായി 200 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകിയിരുന്നു. കൂടാതെ ചെന്നായ്ക്കളെ പിടികൂടുന്നതിനായി ഇൻഫ്രാറെഡ് ഡ്രോൺ സംവിധാനങ്ങളും അതോടൊപ്പം കൂടുകളും വനം വകുപ്പ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ നാൽപ്പത്തിയഞ്ച് ദിവസങ്ങളിലായി എട്ട് കുട്ടികളും ഒരു സ്ത്രീയും ചെന്നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കുട്ടികളെ കടിച്ചെടുത്തുകൊണ്ട് പോകുന്ന ചെന്നായ്ക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ഗ്രാമവാസികൾ അധികൃതർക്ക് പരാതി നല്കുന്നത്.
പിന്നീട് എംഎൽഎ അടക്കം ദൗത്യ സംഘത്തിന്റെ ഭാഗമായി തെരച്ചിൽ നടത്തിയിരുന്നു. പിടിയിലായ നാല് നരഭോജി ചെന്നായ്കളേക്കാൾ കൂടുതൽ ചെന്നായ്ക്കൾ ഈ മേഖലയിൽ തുടരാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൂട്ടലുകൾ. ഏകദേശം 100 മീറ്റർ അകലെ ഡ്രോണിൽ ചെന്നായ്ക്കളെ കണ്ടിരുന്നു. പിന്നീട് സംഭവസ്ഥലത്ത് പോയി കാൽപ്പാടുകൾ ശ്രദ്ധിച്ചു. രണ്ട് ചെന്നായകൾ ഇവിടെ നിന്ന് കടന്നുപോയതായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. ഹാർദി, ഖേരിഘട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ചെന്നായ്ക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ് ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ചിരുന്നു.