Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ദേവദൂതന്റെ രണ്ടാം വരവ് ഗംഭീരമാക്കി മലയാളി പ്രേക്ഷകർ

സിബി മലയിൽ സംവിധാനം ചെയ്‌ത്‌ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ദേവദൂതൻ. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ കൂടുതല്‍ തിയറ്ററുകളിലേക്ക് ചിത്രം എത്തുകയാണ്. കേരളത്തിലെ 56 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിലെ തിയറ്ററുകളുടെ എണ്ണം 100 ലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഒപ്പം യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ ചിത്രം എത്തിയിട്ടുണ്ട്.

ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ്, റീ എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

Leave A Reply

Your email address will not be published.