Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

റോക്കി ഭായി ഇനി വില്ലന്‍? മാസ് ലുക്കിന് ശേഷം ഇതിഹാസ കഥാപാത്രമാകാന്‍ യാഷ്

ENTERTAINMENT NEWS-സമീപകാല റിലീസുകളിൽ തിയേറ്ററുകളിൽ തീ പടർത്തിയ ചിത്രമായിരുന്നു കെജിഎഫ്.
കന്നഡ ചിത്രമായ കെജിഎഫിന്റെ ഒന്നാം ഭാ​ഗവും രണ്ടാം ഭാ​ഗവും ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തു.
പാൻ ഇന്ത്യൻ ചിത്രമായി വന്ന കെജിഎഫിൽ റോക്കി ഭായി എന്ന കഥാപാത്രമായി എത്തിയത് യാഷ് ആയിരുന്നു.

റോക്കി ഭായിയായി മറ്റൊരു താരത്തെ പോലും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലായിരുന്നു യാഷിന്റെ പ്രകടനം.
ഇതോടെ താരം സൂപ്പർ സ്റ്റാറായി മാറി. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ നടൻമാരിലൊരാളാണ് യാഷ്.
അതേസമയം, കെജിഎഫ് ചാപ്റ്റർ 2ന് ശേഷം യാഷിന്റെ ഒരു ചിത്രം പോലും തിയേറ്ററുകളിൽ എത്തിയിട്ടില്ല.
അതിനാൽ തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.
നിർമ്മാതാവ് നിതേഷ് തിവാരിയുടെ വലിയ സ്വപ്നമാണ് രാമായണം. രൺബീർ കപൂറാണ് ഈ ചിത്രത്തിൽ രാമന്റെ വേഷത്തിൽ എത്തുന്നത്.
നേരത്തെ സീതയുടെ വേഷം ചെയ്യാൻ ആലിയ ഭട്ടുമായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഡേറ്റ് പ്രശ്‌നങ്ങൾ കാരണം രാമായണം ഒഴിവാക്കാൻ ആലിയ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആലിയയ്ക്ക് പകരം തെന്നിന്ത്യൻ താരം സായ് പല്ലവിക്കാണ് ഈ അവസരം ലഭിച്ചതെന്നാണ് സൂചന.

ഇതി​ഹാസ കഥാപാത്രമായ രാവണനായി യാഷ് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.
രാവണനായി യാഷിന്റെ കടന്നുവരവ് ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.
രാമായണം രണ്ട് ഭാഗങ്ങളായി നിർമ്മിക്കാനാണ് ആലോചിക്കുന്നതെന്നാണ് സൂചന. ആദ്യഭാഗം രാമനും സീതയുമായി രൺബീർ കപൂറും സായ് പല്ലവിയും എത്തും.
ഇവരെ കേന്ദ്രീകരിച്ചായിരിക്കും ആദ്യ ഭാ​ഗം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രാവണനായി യഷും എത്തിയേക്കും.

രാമായണത്തിന്റെ രണ്ടാം ഭാഗത്തിൽ സീതയെ തട്ടിക്കൊണ്ടു പോകുന്ന രാവണന്റെ വേഷത്തിന് വലിയ മാനം കൈവരും.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രൺബീറും സായി പല്ലവിയും രാമായണം ഒന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2024 ന്റെ തുടക്കത്തിൽ ആരംഭിക്കും.
എന്നാൽ അടുത്ത വർഷം ജൂലൈയിലാകും യാഷ് രാമായണത്തിന്റെ ഭാ​ഗമാകുക.

പ്രഭാസിന്റെ നായകനായ ആദിപുരുഷ് എന്ന ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയ സാഹചര്യത്തിൽ നിതേഷ് തിവാരിയെ രാമായണം സിനിമയാക്കുന്നതിൽ നിന്ന് തടയാൻ പലരും ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആദിപുരുഷ് വിഎഫ്എക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.
എന്നാൽ രാമായണത്തിന്റെ അവതരണത്തിൽ നിതേഷിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്.
രാമായണത്തിലെ സീക്വൻസുകൾ യാഥാർത്ഥ്യമാക്കാൻ നിർമ്മാതാക്കൾ ഇതിനകം തന്നെ ഓസ്കാർ നേടിയ വിഎഫ്എക്സ് ടീമിനെ നിയമിച്ചതായി റിപ്പോർട്ടുകളുണ്ട്.

Leave A Reply

Your email address will not be published.