ENTERTAINMENT NEWS-മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിന് ഹൈദരാബാദില്‍ തുടക്കം കുറിച്ചു.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്.
പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
മൈത്രി മൂവി മേക്കേഴ്സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്.
ഭാവനയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.
വിവിധ ലൊകേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് വരുന്നത് നാല്പത് കോടിയോളമാണ്.
സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും മുടക്കുമുതല്‍ വരുന്ന ചിത്രം കൂടിയാണിത്.
കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്.
ഹൈദരാബാദില്‍ പന്ത്രണ്ട് ദിവസം നീണ്ടു നില്ക്കുന്ന ഷൂട്ടിംഗ് പ്രധാനമായും രാമോജി ഫിലിം സിറ്റി, ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്ജാര ഹില്‍സ് എന്നീ ലൊക്കേഷനുകളിലാണ് നടത്തുക. പിന്നീട് കൊച്ചിയിലേക്ക് തിരികെ എത്തുന്ന ടീം ദുബായ്, കാശ്മീര്‍ എന്നിവിടിങ്ങളിലായി തുടര്‍ന്നുള്ള ചിത്രീകരണം പൂര്‍ത്തിയാക്കും.