NATIONAL NEWS-ന്യൂഡൽഹി : റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ധാരണ.
ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺഡെർ ലെയ്നുമാണ് പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിൽ നിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി.
ക്രമേണ ഇതേ പാതയിൽ വാതക പൈപ്ലൈനും ഒപ്റ്റിക്കൽ ഫൈബർ കേബിളും വിന്യസിക്കാനും ആലോചനയുണ്ട്.
പുതിയ ഇടനാഴി ഇന്ത്യ– യൂറോപ്പ് വ്യാപാരം 40% വേഗത്തിലാക്കുമെന്ന് ഉർസുല വോൺഡെർ ലെയ്ൻ പറഞ്ഞു.
സാമ്പത്തിക വളർച്ചയ്ക്കൊപ്പം രാജ്യങ്ങൾ തമ്മിൽ മെച്ചപ്പെട്ട സഹകരണവും ലക്ഷ്യമിട്ടുള്ളതാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ച പദ്ധതി.
ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും പുറമേ, യുഎസ്, സൗദി അറേബ്യ, യുഎഇ, ഫ്രാൻസ്, ജോർദാൻ, ഇസ്രയേൽ, ജർമനി തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി. വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ച് ചൈനയുടെ വൻകിട വാണിജ്യ ശൃംഖലയായ ‘ബെൽറ്റ് ആൻഡ് റോഡി’നു ബദലായുള്ള പദ്ധതിയുടെ ആലോചനയ്ക്കു തുടക്കമിട്ടത് ഇന്ത്യയും യുഎസും ചേർന്നാണ്.
യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും സഹകരണത്തോടെ ആഫ്രിക്കൻ മേഖലയിൽ അംഗോള, സാംബിയ, കോംഗോ എന്നിവ ചേർന്നു വികസിപ്പിക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യ താൽപര്യപ്പെടുന്നുണ്ട്. ഇന്നലെ പ്രഖ്യാപിച്ച പങ്കാളിത്തം അതിനു സഹായകരമാകുമെന്നു വിലയിരുത്തലുണ്ട്.