CRIME-തിരുവനന്തപുരം : വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയയാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു.
കരമന തളിയില്‍ പമ്പ് ഹൗസ് റോഡിലാണ് സംഭവം.
അക്രമം കാണിച്ച നാഗര്‍കോവില്‍ സ്വദേശി വികാസിനെ(28) കരമന പോലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
സഹോദരിയുടെ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു വികാസ്.
നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും പ്രശ്‌നമുണ്ടാക്കല്‍ തുടര്‍ന്നു. ഒടുവില്‍ ബലമായി ഇയാളെ ഓട്ടോയില്‍ കയറ്റി അയച്ചു. ഇതിന്റെ ദേഷ്യത്തില്‍ കരമനയിലെ പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി, തിരിച്ചുവന്ന് ബൈക്ക് കത്തിക്കുകയായിരുന്നു. ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് 12 മണിയോടെയെത്തി വണ്ടി കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
വികാസിനെ പിടിച്ചുമാറ്റിയ ഒരു വ്യക്തി ഉപയോഗിച്ച ബൈക്കാണ് ദേഷ്യത്തില്‍ കത്തിച്ചത്. ബൈക്ക് പൂര്‍ണമായും കത്തി. തളിയില്‍ പമ്പ് ഹൗസ് റോഡില്‍ മിനിയുടെ മകന്‍ ഉപയോഗിച്ചിരുന്ന ബൈക്കാണ് കത്തിച്ചത്. വികാസ് സഹോദരിയുടെ വീട്ടില്‍ച്ചെന്ന് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.