NATIONAL NEWS-ന്യൂഡൽഹി : കേന്ദ്ര സർക്കാർ ഈ മാസം 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികൾ നാളെ യോഗം ചേരും.
പാർലമെന്റിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾ തീരുമാനിക്കുകയാണു ലക്ഷ്യം.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നാളെ രാത്രി എട്ടിനാണു യോഗം. പ്രതിപക്ഷ നേതാക്കൾക്കായി ഖർഗെ അത്താഴവിരുന്നുമൊരുക്കും.
മുംബൈയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന നേതാക്കൾ, അസാധാരണ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രത്തിൽ നിന്ന് അപ്രതീക്ഷിത പ്രഖ്യാപനങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വീണ്ടും ഒത്തുചേരുന്നത്.
‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയവുമായി ബന്ധപ്പെട്ട ബിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നു പ്രതിപക്ഷം സംശയിക്കുന്നു.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മേൽക്കൈ നേടുകയാണു ബിജെപിയുടെ ലക്ഷ്യമെന്നു വിലയിരുത്തുന്ന പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അതിനെ എതിർക്കാനാണു സാധ്യത. അതിനുള്ള ധാരണ നാളത്തെ യോഗത്തിൽ രൂപപ്പെട്ടേക്കും.