Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൊല്‍ക്കത്തയില്‍ അച്ഛന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി 16കാരന്‍

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ പിതാവിന്റെ കാമുകിയെ കുത്തി കൊലപ്പെടുത്തി പതിനാറുകാരൻ. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയ്ക്ക് സമീപമായിരുന്നു സിനിമാതിരക്കഥയെ വെല്ലുന്ന സംഭവം. പിതാവും കാമുകിയും സഞ്ചരിച്ച കാർ പതിനാറുകാരനും അമ്മയും കൂട്ടാളിയായ 22 കാരനും ചേർന്ന് മറ്റൊരു കാറിൽ പിന്തുടർന്നു. ഇരുവരും ചായകുടിക്കാൻ കാർ വഴി സൈഡിൽ ഒതുക്കിയപ്പോഴായിരുന്നു ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്നാണ് പതിനാറുകാരനും അമ്മയും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

പിതാവിന്റെ കാറിന്റെ ജിപിഎസ് പരിശോധിച്ചാണ് മറ്റൊരു കാറിൽ ഇവര്‍ എത്തിയത്. പിതാവും യുവതിയും ചായ കുടിക്കാൻ കാർ നിർത്തിയപ്പോൾ പതിനാറുകാരൻ കത്തിയുമായി ഇവിടേയ്ക്ക് എത്തി. കാറിൽ ഇരിക്കുകയായിരുന്ന യുവതിയെ ഡോർ തുറന്ന് പുറത്തേയ്ക്ക് വലിച്ചിറക്കി പതിനാറുകാരൻ കുത്തുകയായിരുന്നു. ഇതിനിടെ അമ്മയും 22 കാരനും എത്തി യുവതിയെ ക്രൂരമായി മർദിച്ചു. യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പതിനാറുകാരൻ നിലത്തിട്ട് തുടരെ കുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി വിവാ​ഹിതയാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയേറിയ ആയുധമാണ് പ്രതി ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.