ടാങ്കർ ലോറി ഇരുചക്ര വാഹനത്തിലിടിച്ച് മോഡലിന് ദാരുണാന്ത്യം. മുംബൈ മലാഡ് നിവാസിയായ ശിവാനി സിംഗ് (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ബാന്ദ്രയിലെ ഡോ. ബാബാസാഹെബ് അംബേദ്കർ റോഡിൽ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ ശിവാനി ടാങ്കറിൻ്റെ ചക്രത്തിനടിയിലാവുകയായിരുന്നു. സുഹൃത്ത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഉടൻ തന്നെ ശിവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാങ്കർ അമിത വേഗതയിലായിരുന്നുവെന്നും ഡ്രൈവർ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്നുമാണ് വിവരം. ഡ്രൈവറെ പിടികൂടാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.