Verification: ce991c98f858ff30

പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്താണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ വീടിനകത്തേക്ക് കയറാനായില്ല.

വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടയുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു.

പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മുമ്പും അരുൺജിത്ത് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാൽ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. ഇയാൾക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.