Verification: ce991c98f858ff30

വാഗമണ്ണിൽ ഹോട്ടലിലെ മുട്ടക്കറിയിൽ പുഴു; ആറു വിദ്യാർഥികൾ ആശുപത്രിയിൽ

KERALA NEWS TODAY – വാഗമൺ: വാഗമണ്ണിലെ ഹോട്ടലിൽനിന്നു കഴിച്ച ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി.വാഗമണ്ണിൽ പ്രവർത്തിക്കുന്ന വാഗാലാൻഡ് എന്ന ഹോട്ടലിൽനിന്നു വിദ്യാർഥികൾ കഴിച്ച മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടെത്തിയത്. വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭക്ഷ്യസുരക്ഷാ വിഭാഗവും പോലീസും പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചു.കോഴിക്കോട് ഗ്ലോബൽ ആർട്സ് ആന്റ് സയൻസ് കോളേജിൽനിന്നുള്ള 85 വിദ്യാർഥികളും അധ്യാപകരുമാണ് ഇന്ന് രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. രണ്ടു വിദ്യാർഥികൾക്കാണ് മുട്ടക്കറിയിൽനിന്നു പുഴുവിനെ കിട്ടിയത്.ഇതോടെ മറ്റു വിദ്യാർഥികൾ ശക്തമായി പ്രതിഷേധിക്കുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.ഇതിനിടെ, ചില കുട്ടികൾ ഛർദിച്ചു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട ആറു കുട്ടികളാണ് ചികിത്സ തേടിയത്.സംഭവത്തെ തുടർന്നു ഭക്ഷ്യസുരക്ഷാ വിഭാഗവും പോലീസും ഹോട്ടലിൽ എത്തി പരിശോധന നടത്തി.പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് വ്യക്തമായതോടെ ഹോട്ടൽ പൂട്ടിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട വിദ്യാർഥികളെ ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്നു മർദിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനു മുമ്പും വാഗാലാൻഡ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു മാസം മുമ്പു ഹോട്ടൽ അടപ്പിച്ചിരുന്നു.
Leave A Reply

Your email address will not be published.