Kerala News Today-തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരു ക്ലാസ്സിൽ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെക്കുറിച്ചുള്ള മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദു റഹിമാൻ രണ്ടത്താണിയുടെ വിമർശനം അപഹാസ്യവും വികലമായതുമാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി.
ലൈംഗീക വിദ്യാഭ്യാസം അനിവാര്യമെന്ന് താൻ പറഞ്ഞപ്പോൾ സമൂഹമാധ്യമത്തിലെ പോസ്റ്റിന് വന്ന കമൻ്റ് എന്നാൽ പിന്നെ വനിതാ കമ്മിഷൻ ഓഫീസിനടുത്ത് ലേബർ വാർഡ് തുറക്കണമെന്നായിരുന്നുവെന്നും സതീദേവി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണിയുടെ വിവാദ പ്രസ്താവന. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി സ്വയംഭോഗവും സ്വവർഗരതിയും സംബന്ധിച്ച വിഷയങ്ങൾ പഠിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്.
ആൺ, പെൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിൻ്റെ സംസ്കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു.
തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിൻ്റെ സൈദ്ധാന്തിക വീക്ഷണമാണ്.
ഇത്തരം വീക്ഷണം കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ശ്രമിച്ചതെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
Kerala News Today Highlight – ‘Ridicule and distortion’; Women’s Commission against Abdu Rahman Randathani