തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്. വിഴിഞ്ഞം തുറമുറഖം ഇനി മുതല്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
അദാനി പോർട്ട് എന്ന പേരിൽ മാത്രം തുറമുഖം അറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ പേരിടൽ. വിഴിഞ്ഞം ഇൻറർനാഷനൽ സീ പോർട്ട് എന്ന പേരിന് താഴെ കേരള സർക്കാറിൻ്റെയും അദാനി പോർട്സിറെയും സംയുക്ത സംരഭം എന്ന് കൂടി ചേർത്തിട്ടുണ്ട്. മാസാന്ത പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനമാണ് സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്.
കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മ്മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്. പദ്ധതി ചിലവിൻ്റെ 5246 കോടി രൂപ സംസ്ഥാന സര്‍ക്കാറാണ് ചിലവഴിക്കുന്നത്. തുറമുഖത്തിൻ്റെ ഔദ്യോഗിക ലോഗോയും ഉടന്‍ പുറത്തിറക്കും.