Verification: ce991c98f858ff30

വിശ്വനാഥൻ്റെ മരണം: ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍.

ശരീരത്തില്‍ മര്‍ദനമേറ്റതിൻ്റെ പാടില്ല. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉരഞ്ഞുണ്ടായതാണെന്ന് ഫോറന്‍സിക് സര്‍ജന്‍ എസിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

മരിച്ച വിശ്വനാഥന്‍റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത്. വിശ്വനാഥന്‍റെ കല്‍പ്പറ്റ പാറവയലിലെ വീട്ടില്‍ ഇന്ന് രാഹുല്‍ ഗാന്ധി എത്തിയിരുന്നു.

വിശ്വനാഥന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കാന്‍ നടപടി വേണമെന്നും കുടുംബം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.

രാവിലെ പത്തു മണിയോടെയാണ് രാഹുൽ ഗാന്ധി കല്‍പ്പറ്റ വെള്ളാരം കുന്നിലെ വിശ്വനാഥന്‍റെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ്, വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വിശ്വനാഥന്‍റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടരുകയാണ്.

സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഒരുസംഘം മർദിച്ചിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ചയാണ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.