Verification: ce991c98f858ff30

വിശ്വനാഥൻ്റെ ഷർട്ട് കണ്ടെടുത്തു; പോക്കറ്റില്‍ 140 രൂപയും ചില്ലറ പൈസയും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ ഷര്‍ട്ട് കണ്ടെത്തി. വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ട പറമ്പില്‍ നിന്നാണ് ഷര്‍ട്ട് കണ്ടെത്തിയത്. ചളിപുരണ്ട ഷര്‍ട്ടിൻ്റെ പോക്കറ്റില്‍ 140 രൂപയും ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും ഉണ്ടായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. വിശ്വനാഥൻ്റെ ഭാര്യ ബിന്ദുവിനെ കഴിഞ്ഞ ചൊവ്വാഴ്ച പ്രസവത്തിനായി മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ബിന്ദു ആൺകുഞ്ഞിനു ജന്മം നൽകി. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കായുള്ള സ്ഥലത്തായിരുന്നു വിശ്വനാഥൻ കാത്തുനിന്നത്.

വ്യാഴാഴ്ച ഇവിടെയുണ്ടായിരുന്ന ആരുടെയോ മൊബൈൽ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥൻ മോഷ്ടാവാണെന്നും ആരോപിച്ച് ചിലർ ബഹളം വച്ചു. ചിലർ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. പിന്നാലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥൻ്റെ ഭാര്യ മാതാവ് ലീല പറഞ്ഞു.

Leave A Reply

Your email address will not be published.