Verification: ce991c98f858ff30

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി ശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന്‍ നായര്‍(75) നിര്യാതനായി.

ഇന്ന് രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയിലേറെയായി ചികിത്സയിലായിരുന്നു.

മൂന്നുതവണ സംസ്ഥാന സര്‍ക്കാരിൻ്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങൾ അദ്ദേഹം നേടി.

യുഎസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി തുടങ്ങി 30-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2008 ജൂണില്‍ ബെല്‍ഗ്രേഡില്‍ നടന്ന ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ അമ്പത്തിയേഴാമത് ജനറല്‍ അസംബ്ലിയില്‍ മാതൃഭൂമിയെ പ്രതിനിധീകരിച്ചു.

1999-ല്‍ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയിയോടൊപ്പം പോയ മാധ്യമസംഘത്തില്‍ അംഗമായിരുന്നു. രണ്ടുതവണ ശ്രീലങ്ക സന്ദര്‍ശിച്ച് ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ട് ചെയ്തു.

1993 മെയില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി പ്രേമദാസയുടെ വധവും 1995-ല്‍ ജാഫ്ന പട്ടണം തമിഴ്പുലികളില്‍നിന്ന് ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തതും റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply

Your email address will not be published.