Kerala News Today-തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കുളള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരു.
അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചെങ്കിലും വധശിക്ഷയിലൂന്നി നിലപാടെടുത്തില്ല.
പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അതേസമയം, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ഡിജിപി അനിൽ കാന്ത് അനുമോദിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ ഡോ.കെ.ശശികല ഉൾപ്പെടെയുള്ള സയന്റിഫിക് ഓഫിസർമാർക്കും പോലീസ് ആദരം നൽകി.
കേരളത്തിൽ ആയുർവേദ ചികിത്സയ്ക്കെത്തിയ യുവതിയെ കോവളത്തു വെച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാജ്യത്തിനും പുറത്തും ശ്രദ്ധ നേടിയിരുന്നു. പോത്തൻകോട്ടെ ആയുർവേദ കോളജിൽ നിന്നും 2018 മാർച്ച് 14 നു കാണാതായ യുവതിയെ 36 ദിവസങ്ങൾക്കു ശേഷം പനത്തുറയിലെ കണ്ടൽക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Kerala News Today