Verification: ce991c98f858ff30

ഭക്ഷണം പാഴാക്കിയാൽ പിഴ; സർക്കുലർ പുറത്തിറക്കി വടക്കാഞ്ചേരി ന​ഗരസഭ

തൃശ്ശൂർ: ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ പിഴ ഈടാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് നഗരസഭ. നിരവധി ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. വടക്കാഞ്ചേരി നഗരസഭയാണ് ജീവനക്കാർക്ക് 100 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വടക്കാഞ്ചേരി ന​ഗരസഭാ സെക്രട്ടറി കെ കെ മനോജ് ആണ് സർക്കുലർ അയച്ചത്. ‘ജീവനക്കാർ കൊണ്ടുവരുന്ന ഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്ഷണം പാഴാക്കിക്കളയുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. ഭക്ഷണം മുഴുവന്‍ കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഇടുന്നവരിൽനിന്ന് 100 രൂപ പിഴയായി ഈടാക്കും. ഭക്ഷണശേഷം അവശേഷിക്കുന്ന കറിവേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങി ഭക്ഷണമായി ഉപയോഗിക്കാൻ കഴിയാത്തവ മാത്രമേ ബിന്നിൽ ഉപേക്ഷിക്കാൻ പാടുള്ളൂ.

കഴിക്കാൻ ആവശ്യമായ ഭക്ഷണം മാത്രമേ പാകം ചെയ്യാവൂ. ഭക്ഷണം ഒരു കാരണവശാലും പാഴാക്കിക്കളയാൻ പാടില്ല. ഓഫീസിൽ മാത്രമല്ല വീട്ടിലും ഈ നിർദേശം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്,’ സർക്കുലറിൽ വ്യക്തമാക്കുന്നു. പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭക്ഷണശേഷം അവശേഷിക്കുന്ന വേസ്റ്റുകൾ മാത്രമേ മാലിന്യ പാത്രത്തിൽ നിക്ഷേപിക്കാവൂ എന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഉത്തരവ് നടപ്പാക്കാൻ ന​ഗരസഭ ക്ലീൻ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.