Kerala News Today-കോഴിക്കോട്: സമസ്തയെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ സമസ്തയ്ക്ക് അവകാശമുള്ളത് പോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
ആഴ്ച്ചവട്ടം സര്‍ക്കാര്‍ ഹൈസ്ക്കൂളിൻ്റെ ശതാബ്ദി ആഘോത്തിൻ്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. ‘ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നു. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്.
അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാം’ എന്ന് മന്ത്രി പറഞ്ഞു.
ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നും സമസ്ത നേരത്തെ പറഞ്ഞിരുന്നു.
പള്ളികളിൽ ഇന്ന് പ്രാർത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും നാസർ ഫൈസി ചൂണ്ടിക്കാട്ടി.
കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും, ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്ന് സമസ്തയുടെ പ്രസംഗ കുറിപ്പിൽ പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്തമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും സമസ്ത പുറത്തിറക്കിയ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala News Today Highlight – ‘No one has the right to interfere with the rights of individuals’: V.Shivankutty