KERALA NEWS TODAY – കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് ഡോ.വി ലിസി മാത്യുവിനെ നീക്കി.
എറണാകുളത്തെ കോൺഗ്രസിൻ്റെ മുൻ എംഎൽഎയുടെ ഭാര്യയ്ക്ക് ഗവേഷണത്തിന് പ്രവേശനം നൽകിയതിലെ അപ്രീതിയെത്തുടർന്നാണ് നടപടി.
ലിസി മാത്യുവിനെ മുന്നറിയിപ്പില്ലാതെയാണ് ഒഴിവാക്കിയത്.
തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ കാമ്പസ് ഡയറക്ടർ ഡോ.എസ്.പ്രിയയെ പകരം നിയമിച്ചു.
മലയാളം വകുപ്പിൽ ഗവേഷണത്തിന് ഒമ്പത് ഒഴിവാണ് അനുവദിച്ചിരുന്നതെങ്കിലും 18 ഒഴിവ് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഗവേഷണ സമിതിയുടെ അനുവാദപ്രകാരം ലിസി മാത്യു 18 പേർക്കും പ്രവേശനം നൽകാൻ തീരുമാനിച്ചിരുന്നു.
ഇതുസംബന്ധിച്ച് വി.സി അവരോട് വിശദീകരണം ചോദിക്കുകയും പ്രവേശന നടപടികൾ അടിയന്തരമായി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സിപിഎം നേതാക്കളുടെ ഭാര്യമാർ അധ്യാപക നിയമനത്തിന് പരിഗണിക്കപ്പെടുന്ന ഇന്റർവ്യൂകളിലെ സ്ഥിരം വിഷയവിദഗ്ധ അംഗമായിരുന്നു ലിസി മാത്യു.
മന്ത്രി എം.ബി രാജേഷിന്റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ നിയമനം നൽകുന്നതിന് റാങ്ക് പട്ടിക കീഴ്മേൽ മറിയാൻ ഇടയാക്കിയ ഇന്റർവ്യൂ അംഗങ്ങളിൽ ഒരാളായിരുന്നു.
ബോർഡിലെ മൂന്ന് ഭാഷ വിദഗ്ധർ മറ്റൊരു അപേക്ഷകക്ക് ഉയർന്ന മാർക്ക് നൽകിയെങ്കിലും രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് ലഭിക്കാൻ സഹായകമായത് ഏറ്റവും കൂടുതൽ മാർക്ക് കൊടുത്ത ഡോ. ലിസി മാത്യുവിന്റെ നിലപാടായിരുന്നു.
കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിലും കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിലും ലിസി മാത്യു ആയിരുന്നു ഇന്റർവ്യൂ ബോർഡിലെ വിഷയവിദഗ്ധ.