KERALA NEWS TODAY- തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത വിധി വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ലോകായുക്തയുടെ വിശ്വാസ്യത മുഴുവൻ തകർക്കുന്നതാണ് വിധിയെന്നും വാദം പൂർത്തിയാശേഷം വിധിവരാൻ ഒരുകൊല്ലത്തോളം താമസിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കെ അദ്ദേഹം പറഞ്ഞു.
‘അഴിമതിനിരോധന സംവിധാനത്തെക്കുറിച്ച് ആളുകൾക്കുള്ള മുഴുവൻ വിശ്വാസവും തകർന്നു.
വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിടുന്നത്.ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ഒരുകാലത്തും പുറത്തുവരാത്തൊരു വിധിയായി ഇത് മാറുമായിരുന്നു.
രണ്ടുപേരുടേയും ഭിന്നാഭിപ്രായം അത്ഭുതപ്പെടുത്തുന്നു. ഇത് യഥാർത്ഥത്തിൽ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ് എന്നാണ് എനിക്കു പറയാനുള്ളത്. മുഖ്യമന്ത്രിയുടെ അറിവോടു കൂടി അന്ന് മന്ത്രിയായിരുന്ന കെ ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. കേസിന്റെ വിധിയെ പേടിച്ചാണ് ഭേദഗതി ബില്ലുമായി മുഖ്യമന്ത്രി നിയമസഭയിൽ വന്നത്. അത് ഗവർണർ ഒപ്പുവച്ചില്ല’-. പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിട്ടത്.
മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.
കേസിലെ വിധി സംബന്ധിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർക്കിടയിൽ ഭിന്നത ഉണ്ടായതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിടാൻ തീരുമാനിച്ചത്.
ന്യായാധിപരിൽ ഒരാൾ പരാതിയെ അനുകൂലിച്ചും മറ്റൊരാൾ എതിർത്തും വിധിയെഴുതി.
കേസ് നിലനിൽക്കുമോ എന്ന കാര്യത്തിലും ഈ വിഷയം ലോകായുക്തയ്ക്ക് പരിശോധിക്കാമോ എന്ന കാര്യത്തിലുമായിരുന്നു ഭിന്നത. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമെടുത്തത്.